കഴിഞ്ഞ വർഷത്തെ ഓണത്തിന് നടൻ പൃഥ്വിരാജ് ജോർദ്ദാനിൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ പൃഥ്വിരാജ് വീട്ടിൽ വിശ്രമത്തിലാണ്. അതുകൊണ്ടു തന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം ഓണം ആഘോഷിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരൻ.
മക്കൾക്കും കൊച്ചുമകൾക്കുമൊപ്പം മരുമക്കൾക്കും ഒപ്പം സദ്യയുണ്ണുന്ന മല്ലികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്തവണ പട്ടുപാവാട അണിഞ്ഞ് മലയാള തനിമയിൽ പൃഥ്വിരാജിന്റെ മകൾ അലംകൃതയുമുണ്ട്. പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം നിൽക്കുന്ന അലംകൃതയുടെ ചിത്രങ്ങൾ വൈറലായതോടെ മല്ലിക സുകുമാരന്റെ മുഖച്ഛായയാണ് അല്ലിക്കെന്നാണ് ആരാധകർ ഏറെയും കുറിച്ചത്.
ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.
“രാജുവിന് ഒരു ചെറിയ കീഹോൾ സർജറിയാണ് നടത്തിയത്. അതിനുശേഷം ഫിസിയോതെറാപ്പി കൂറെ ദിവസം ചെയ്തിരുന്നു. ഇപ്പോൾ രാജു നടക്കാൻ തുടങ്ങി.’ ‘പക്ഷെ ഫൈറ്റ് പോലുള്ളവ ചെയ്യാൻ കുറച്ച് വൈകും. അതുപോലെ തന്നെ രാജുവിനെ കുറച്ച് നാളുകൾക്ക് ശേഷം വീട്ടിൽ കിട്ടിയ സന്തോഷമാണ് ഞങ്ങൾക്ക്. ഫിസിയോതെറാപ്പി ദിവസവും മൂന്ന് പ്രാവശ്യം ചെയ്യണമായിരുന്നു. അതുകൊണ്ട് ഇക്കൊല്ലത്തെ ഓണം മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം എറണാകുളത്തായിരുന്നു. ഇന്ത്യയ്ക്കുള്ളിൽ ഉണ്ടെങ്കിൽ എങ്ങനെ എങ്കിലും എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ നോക്കും. പക്ഷെ കഴിഞ്ഞ പ്രാവശ്യം ആടുജീവിതത്തിന്റെ സെറ്റിലായിരുന്നു പൃഥ്വിരാജ്. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് ഞാൻ കണ്ടത്.”