മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍ ദി കോര്‍’ എന്ന മലയാള ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നവംബര്‍ 23 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ.
ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2000-ൽ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടാണ് ആദ്യ മലയാള ചിത്രം. പിന്നീട് 2009-ൽ ജയറാം നായകനായ സീതാകല്യാണത്തിൽ ജ്യോതികയായിരുന്നു നായിക. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.