
സിനിമ റിലീസാകുന്നതിനു പിന്നാലെ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ നടത്തുന്ന റിവ്യൂ ബോംബിങിനെക്കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ അവരവര്‍ക്കിഷ്ടമുള്ള സിനിമയാണ് കാണേണ്ടതെന്നും നടന്‍ പറഞ്ഞു. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റിവ്യൂബോംബിങ് സംബന്ധിച്ച ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞത്.
‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’ മമ്മൂട്ടി പറഞ്ഞു.
അതേസമയം സിനിമ കാണാതെതന്നെ നിരൂപണം നടത്തി വ്‌ലോഗര്‍മാര്‍ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉള്‍പ്പടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്‌ലോഗര്‍മാര്‍ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു.