ജിയോങ്‌സാംഗ്: ദക്ഷിണ കൊറിയയിലെ പച്ചക്കറി പാക്കേജിങ് പ്ലാന്റില്‍ റോബോട്ടിന്റെ കൈ കൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനും പച്ചക്കറികള്‍ നിറച്ച പെട്ടി എടുത്തുവെക്കാനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റോബോട്ടാണ് തൊഴിലാളിയെ എടുത്തുയര്‍ത്തുകയും ഞെരിച്ചുകൊല്ലുകയും ചെയ്തത്. ബോക്സുകള്‍ തിരിച്ചറിയുന്നതിനാണ് റോബോട്ടിന്റെ സെന്‍സറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സാങ്കേതിക തകരാറുണ്ടെന്ന കംപ്ലയിന്റിനെ തുടര്‍ന്ന് റോബോട്ടിന്റെ സെന്‍സര്‍ പരിശോധിക്കാനെത്തിയ ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകള്‍ സ്ഥാപിക്കുന്ന കമ്പനിയിലെ ജീവനക്കാരനായ നാല്‍പതുകാരനാണ് മരിച്ചത്. സുരക്ഷാ ക്യാമറ ഫൂട്ടേജുകളില്‍ കാണുന്നത് കൈയില്‍ ഒരു പെട്ടിയുമായി ജീവനക്കാരന്‍ റോബോട്ടിന് സമീപത്തേക്ക് എത്തിയതായാണ്. എന്നാല്‍ പെട്ടിക്ക് പകരം റോബോട്ട് തൊഴിലാളിയെ എടുത്തുയര്‍ത്തുകയും ഇതിന്റെ യത്രക്കൈകള്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് ജീവനക്കാരന്‍ മരിക്കുകയുമായിരുന്നു.
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുളകും മറ്റ് പച്ചക്കറികളും പാക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന റോബോട്ടുകളില്‍ ഒന്നാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്ലാന്റിലേക്ക് എത്തിയതാണ്.
സംഭവത്തിന് പിന്നാലെ കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിയോങ്‌സാംഗിലെ പച്ചക്കറി വ്യാപാര സ്ഥാപനം.