‘ലോട്ടറി എടുത്തു വെച്ചേക്കണേ’; പണം പോലും കൊടുക്കാതെ പറഞ്ഞുവെച്ച ടിക്കറ്റ് കൊണ്ടു വന്നത് 75ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം

തൃശൂര്‍: പണം പോലും കൊടുക്കാതെ പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചതിന്റെ സന്തോത്തിലാണ് പന്തളം സ്വദേശിയായ സന്തോഷ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ പണം പോലും കൊടുക്കാതെ വെറുതെ ലോട്ടറിക്കടയില്‍ പറഞ്ഞുവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചത്.

ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വഴിയില്‍ ലോട്ടറി കട കണ്ടപ്പോള്‍ അവിടെയിറങ്ങി ഒരു സെറ്റ് ലോട്ടറി എടുത്തുവെയ്ക്കാന്‍ പറഞ്ഞാണ് സന്തോഷ് പോയത്. തൃശൂര്‍ അമല ആശുപത്രിയുടെ എതിര്‍ വശത്തുള്ള ലോട്ടറി കടയിലാണ് സന്തോഷ് ഇറങ്ങിയത്. അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ വേണമെന്നാണ് സന്തോഷ് പറഞ്ഞത്. തിരിച്ചു വരുമ്പോള്‍ പണം തരാമെന്നും പറഞ്ഞു. ലോട്ടറി കടയുടമ സിജോ പൂലോന്‍ ജോസ് സന്തോഷിന്റെ വാക്കുകള്‍ വിശ്വസിച്ച് ടിക്കറ്റെടുത്തു വെച്ചു.

തിരിച്ചു വരുന്ന വഴിക്ക് ടിക്കറ്റ് വാങ്ങാനായി സന്തോഷ് വീണ്ടും ലോട്ടറി കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് താന്‍ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ക്ക് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനവും മറ്റ് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചുവെന്ന് അറിഞ്ഞത്. മുന്‍പ് പ്രവാസിയായിരുന്ന സിജോ കോവിഡ് കാലത്ത് ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ നാട്ടില്‍ തുടങ്ങിയതാണ് ലോട്ടറി കട. സിജോയുടെ സത്യസന്ധതയുടെ ഭംഗി കൂടിയുണ്ട് ഈ ഒന്നാം സമ്മാനത്തിന്.

More Stories from this section

family-dental
witywide