രണ്ടര ലക്ഷം രൂപയ്ക്ക് മത്സരം; പത്തു മിനുട്ടിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം

ബീജിങ്: പത്തു മിനുട്ട് കൊണ്ട് ഒരു ലിറ്റര്‍ മദ്യം കുടിച്ച ചൈനീസ് പൗരന് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്നയാള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ നല്‍കാം എന്ന പന്തയം ഏറ്റെടുത്താണ് ഴാങ് പത്തു മിനുട്ടിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം കഴിച്ചത്. തീവ്രത കൂടിയ ബൈജിയു എന്ന ചൈനീസ് മദ്യമാണ് ഴാങ് ഒരു ലിറ്റര്‍ കുടിച്ചു തീര്‍ത്തത്.

ഴാങിന്റെ മേലുദ്യോഗസ്ഥനാണ് മത്സരത്തിന് തുടക്കമിട്ടത്. ഴാങിനെക്കാള്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക് 5000 യുവാന്‍ നല്‍കുമെന്നാണ് ആദ്യം ഇയാള്‍ പറഞ്ഞത് എന്നാല്‍ പങ്കെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ സമ്മാനത്തുക വര്‍ധിപ്പിച്ച് രണ്ടര ലക്ഷമാക്കുകയായിരുന്നു. ഇതോടെ കുറച്ചു പേര്‍ കൂടി മത്സരത്തില്‍ ചേര്‍ന്നു. അതിനിടെ ഴാങ് മത്സരത്തില്‍ തോറ്റാല്‍ 10,000 യുവാന്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചായ കുടിക്കാന്‍ നല്‍കാമെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു.

ജയിക്കാന്‍ വേണ്ടി ഒരു ലിറ്റര്‍ മദ്യം ഴാങ് ഒറ്റയടിക്ക് കുടിച്ചു. ഇതോടെ ബോധരഹിതനായ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് കമ്പനി അടച്ചു പൂട്ടി.

More Stories from this section

family-dental
witywide