കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ സജീവമായതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. 35 കാരിയായ അപർണ യുവതി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം റീലുകളും ഇതുവഴി ഉണ്ടാക്കിയെടുത്ത സൌഹൃദങ്ങളുമാണ് ഭർത്താവ് പരിമൾ ബൈദ്യ(38)യെ പ്രകോപിപ്പിച്ചത്. 17 വർഷമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്.
ജോയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹരിനാരായണൻപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യ അപർണയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതിയായ പരിമൾ ബൈദ്യ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൽപ്പണിക്കാരനായ പരിമൾ ഒളിവിലാണ്.
ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. മകൾ നഴ്സറിയിലും മകൻ ഏഴാം ക്ലാസിലും പഠിക്കുന്നു. സംഭവം നടക്കുമ്പോൾ കുട്ടികൾ വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.
“റീലുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ നിരവധി സുഹൃത്തുക്കളെ ഉണ്ടാക്കി, പ്രത്യേകിച്ച് ഒരു പണമിടപാട് ഏജൻസിയിലെ ഉദ്യോഗസ്ഥയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. അവളുടെ ഭർത്താവ് അത് ഇഷ്ടപ്പെട്ടില്ല,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദമ്പതികളുടെ മകൻ ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മാതാപിതാക്കൾ തമ്മിൽ അടിക്കടി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും അച്ഛൻ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു എന്നും കുട്ടി പോലീസിനോട് പറഞ്ഞു.
പതിവ് വഴക്കുകൾ കാരണം, യുവതി കുറച്ചുകാലം ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ വീട്ടിൽ പോയി താമസിച്ചിരുന്നതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
“കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഞങ്ങൾ കണ്ടെടുത്തു. പരിമളിനായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്,” ഓഫീസർ പറഞ്ഞു.