ബെംഗളൂരു: കര്‍ണാടകയില്‍ ദലിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ കുംസി ഹൊബ്ലി ഹൊറബൈലു ഗ്രാമത്തിലെ വിഎന്‍ ദിനേശ്, ഭാര്യ പ്രീതി എന്നിവര്‍ക്കാണ് ജോഗി സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ദിനേശും കുടുംബവും ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. സെപ്റ്റംബര്‍ 10ന് നടന്ന വിവാഹം 27ന് ശിവമോഗ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് ദിനേശിനും കുടുംബത്തിനും സമുദായ മുഖ്യന്മാര്‍ ചേര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത്.
ഗ്രാമത്തിലെ മുപ്പതോളം കുടുംബങ്ങളാണ് ഊരുവിലക്ക് അനുസരിക്കേണ്ടത്. ദമ്പതികളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുന്നതിനും ഇടപഴകുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. ഊരുവിലക്ക് ലംഘിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ സമുദായ മുഖ്യന്മാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടന്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.