ചെയ്യാത്ത കുറ്റത്തിന് 16 വര്‍ഷം ജയിലില്‍, മൂന്ന് വര്‍ഷം മുന്‍പ് കുറ്റവിമുക്തനായി; ഒടുവില്‍ പോലീസിന്റെ വെടിയേറ്റ് ദാരുണാന്ത്യം

ഫ്‌ളോറിഡ: സായുധ കവര്‍ച്ചാക്കുറ്റം ആരോപിക്കപ്പെട്ട് പതിനാറ് വര്‍ഷം തടവ് ശിക്ഷയനുഭവിച്ചതിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോചിതനായ 53 വയസ്സുകാൻ ട്രാഫിക് സ്റ്റോപ്പില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ലിയോനാര്‍ഡ് ക്യൂര്‍ എന്ന 53കാരനാണ് തിങ്കളാഴ്ച ജോര്‍ജിയയിലെ ട്രാഫിക് സ്റ്റോപ്പില്‍ ഷെരീഫ് ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചത്. മൂന്ന് വര്‍ഷമായി സെക്യൂരിറ്റിയില്‍ ജോലി ചെയ്തു വരികയായിരുന്നു ലിയോനാര്‍ഡ് ക്യൂര്‍.

അന്തര്‍സംസ്ഥാന 95 നോര്‍ത്ത്ബൗണ്ടിലെ ട്രാഫിക് സ്റ്റോപ്പില്‍ തിങ്കളാഴ്ച രാവിലെ ഒരു പോലീസ് ഓഫീസര്‍ ഒരാളെ വെടിവെച്ചതായി വിവരം ലഭിച്ചുവെന്ന് ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാറിലിരിക്കുകയായിരുന്ന ക്യൂറിനോട് ഡെപ്യൂട്ടി ഷെരീഫ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയെന്നും എന്നാല്‍ പിന്നീട് ഡെപ്യൂട്ടിയുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നും ഇതേത്തുടര്‍ന്നാണ് ഡെപ്യൂട്ടി ക്യൂറിനെ വെടി വെച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ഇഎംഎസ് എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എന്തിനാണ് ഡെപ്യൂട്ടി ക്യൂറിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നോ, വെടി വെക്കാനിടയായ സാഹചര്യമെന്താണെന്നോ വ്യക്തമല്ല. ഡെപ്യൂട്ടി ഉള്‍പ്പെട്ട വെടിവയ്പ്പിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ജിബിഐ അറിയിച്ചു. അമ്മയെ സന്ദര്‍ശിക്കാനായി ഫ്‌ളോറിഡിയിലേക്ക് പോകുന്ന വഴിയാണ് ക്യൂര്‍ കൊല്ലപ്പെടുന്നത്.

2003-ല്‍ ഫ്‌ലോറിഡയില്‍ സായുധ കവര്‍ച്ചയ്ക്ക് ശിക്ഷിക്കപ്പെട്ട ലിയനാര്‍ഡോ ക്യൂര്‍ ആ കേസില്‍ പതിനാറ് വര്‍ഷം തടവ് ശിക്ഷയനുഭവിച്ചിരുന്നു. പിന്നീട് ഒരു ദശാബ്ദത്തിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് കേസിന്റെ പുനരന്വേഷണത്തില്‍ ക്യൂര്‍ നിരപരാധിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2020ല്‍ വിട്ടയക്കുകയായിരുന്നു. ജയില്‍ മോചിതനായതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി സെക്യൂരിറ്റിയില്‍ ജോലി ചെയ്തു വരികയായിരുന്നു ലിയോനാര്‍ഡ് ക്യൂര്‍.