ഇംഫാൽ: ഭാരതീയ ജനത യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മയൂം ബാരിഷ് ശര്‍മ്മ അറസ്റ്റില്‍. ഒക്ടോബര്‍ 14ന് നടന്ന വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 25വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ സ്ത്രീ അടക്കം 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
അതേസമയം, വാഹനപരിശോധനക്കിടെ 1,200 ലധികം വെടിയുണ്ടകളും നിരവധി സ്ഫോടക വസ്തുക്കളുമായി ഒരാള്‍ അറസ്റ്റിലായി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മൊയ്രാങ്കോം റോഡ് ക്രോസിങ്ങിലാണ് ഇയാള്‍ പിടിയിലായത്. പൊലീസ് കാര്‍ തടഞ്ഞെങ്കിലും നിര്‍ത്താതെ പോകാന്‍ ശ്രമിക്കുകയായിരുന്നു.
സൈന്യത്തിന്റെയും പൊലീസിന്റെയും കൈയില്‍നിന്ന് കലാപകാരികള്‍ കൊള്ളയടിച്ചതടക്കമുള്ള 2000ത്തോളം ആയുധങ്ങള്‍ പൊലീസ് പിടികൂടി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്.