‘അക്രമികളെ സംരക്ഷിക്കാന്‍ ശ്രമം’; അസം റൈഫിൾസിനെതിരെ മണിപ്പുരിൽ കേസ്

കേന്ദ്ര അർദ്ധസേനയായ അസം റെെഫിള്‍സിനെതിരെ കേസെടുത്ത് മണിപ്പൂർ പൊലീസ്. മെയ്തേയ് വിഭാഗത്തില്‍പ്പെട്ട മൂന്നുപേരെ കൊലപ്പെടുത്തിയ കുക്കി അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂരില്‍ നടന്ന പൊലീസിന്റെ തിരച്ചില്‍ നടപടികളെ തടസ്സപ്പെടുത്തി സുരക്ഷാവീഴ്ച വരുത്തിയെന്നാണ് അസം റെെഫിള്‍സിനെതിരായ എഫ്ഐആർ.

ഓഗസ്റ്റ് 5 ശനിയാഴ്ച പുലർച്ചെ ബിഷ്ണുപുരിലെ ക്വാക്തയിൽ അച്ഛനും മകനും ഉൾപ്പെടെ ഉറങ്ങിക്കിടന്ന മൂന്ന് മെയ്തേയ് വിഭാഗക്കാരെ കുക്കി അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഈ അക്രമികളെ തേടി മണിപ്പുർ പൊലീസും കമാൻഡോകളും അടങ്ങുന്ന സംഘം തൊട്ടടുത്ത ഗ്രാമത്തിലേക്കു നീങ്ങുമ്പോൾ കുതുബ് വാലി പള്ളിക്ക് സമീപം വാഹനം കുറുകെയിട്ട് അസം റൈഫിൾസ് (ബറ്റാലിയന്‍ 9) ഈ നീക്കം തടഞ്ഞുവെന്നാണ് പരാതി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനുള്ള ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഫൗഗക്‌ചാവോ ഇഖായ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ക്കിടയിലെ പോരാട്ടം കടുത്തതിനെതുടർന്ന് ബഫർ സോണായ ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലെ മൊയ്രാങ് ലംകൈ ചെക്ക്പോസ്റ്റ് അടക്കമുള്ള മേഖലകളില്‍ അസം റൈഫിൾസിനെ താൽക്കാലികമായി വിന്യസിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം, മേഖലയിലെ അസം റൈഫിൾസിനെ പിന്‍വലിച്ച് പകരം സിആർപിഎഫിനെ നിയോഗിച്ചു. ഇതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

അസം റെെഫിള്‍സ് കുക്കി വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് മെയ്തേയ് വനിതകൾ കഴിഞ്ഞ ദിവസം ഇംഫാൽ താഴ്‌വരയിൽ പ്രതിഷേധിച്ചിരുന്നു. അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. 

More Stories from this section

family-dental
witywide