മണിപ്പൂരിൽ ആൾക്കൂട്ടം കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ 2 സ്ത്രീകൾ പറയുന്നു: “ജീവനൊടുക്കില്ല, ഞങ്ങൾക്ക് നീതി കിട്ടണം”

അങ്ങനെ രണ്ടു പേരെ ലോകത്ത് എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ.. ?മണിപ്പുരിലെ ആ രണ്ട് സ്ത്രീകളെ.?. ഒരു വലിയ ജനക്കൂട്ടം ആക്രോശിച്ചു കൊണ്ട് വേട്ടയാടി, ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്ത രണ്ട് സ്ത്രീകളെ..? എന്നിട്ട് അത് ലോകം മുഴുവൻ കാട്ടിക്കൊടുത്ത് ആർത്തു ചിരിച്ച് ആഘോഷിച്ച ആ രണ്ട് സ്ത്രീകളെ നിങ്ങൾക്ക് വേറെ എവിടെയും പരിചയം കാണില്ല. മഞ്ഞുമല പോലെ തണുത്തുറഞ്ഞ ഹൃദയം പോലും നൊന്തുപോയ ആ സംഭവത്തിലെ രണ്ടു അതിജീവിതകൾ മെല്ലെ സംസാരിച്ചു തുടങ്ങുകയാണ്… ആ പേക്കിനാവിൻ്റെ വേദനകൾ അവരെ അങ്ങേയറ്റം തളർത്തിയിട്ടുണ്ട്… പക്ഷേ അവർ പറയുന്നു. “ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജീവിക്കും, അതിനായി ശബ്ദമുയര്‍ത്തും...

മണിപ്പൂരില്‍ വംശീയകലാപത്തിനിടെ മെയ്തി ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇന്ത്യയെ ഒന്നടങ്കം നടുക്കുകയും ലോകത്തിനു മുന്നില്‍ നാണംകെടുത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് ആറു മാസത്തിനു ശേഷം ഇപ്പോള്‍ ബ്രിട്ടിഷ് മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും തങ്ങൾക്കുണ്ടായ അനുഭവങ്ങളും അതുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ്…

ആക്രമിക്കപ്പെടുമ്പോൾ ഇവരില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം സന്തോഷകരമായി ജീവിച്ച കുടുംബിനിയുമായിരുന്നു.

മെയ്തി ആൾകൂട്ടം തങ്ങളോട് മൃഗത്തെപോലെയാണ് പെരുമാറിയതെന്ന് കോളജ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി പറയുന്നു. “ആൾക്കൂട്ട ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ബുദ്ധിമുട്ടുമ്പോഴായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നത്. അതോടുകൂടി ജീവിക്കാനുള്ള പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. ഇപ്പോഴും ആൾക്കൂട്ടത്തെ നേരിടാൻ ഭയമാണ്. ഇനിയൊരിക്കലും ജനിച്ചുവളർന്ന ഗ്രാമത്തിലേക്ക് തിരിച്ചുപോകില്ല. അവിടെപോയാൽ മെയ്തി വിഭാഗത്തിലെ അയൽക്കാരെ കാണേണ്ടി വരും. അവരുമായി ബന്ധപ്പെടാൻ ഇനിയൊരിക്കലും സാധിക്കില്ല. പിതാവിനെയും സഹോദരനെയും എൻ്റെ മുൻപിലിട്ടാണ് കൊന്നത്. അവരുടെ മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ല. അതുപോയി അന്വേഷിക്കാൻ പോലും എനിക്കാവില്ല” അവൾ പറഞ്ഞു.

സംഭവം നടക്കും മുമ്പ് കുക്കി-മെയ്തി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരുമിച്ചു പഠിച്ചിരുന്ന കോളജിലായിരുന്നു അവളും പഠിച്ചിരുന്നത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഒരുപാട് സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാല്‍ ഇനി ആ കാലമില്ല.. അവരെ ആരെയും കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നില്ല. “മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കണം. പൊലീസിലോ സൈന്യത്തിലോ ചേരണം അതാണ് ആഗ്രഹം. ഞങ്ങൾക്ക് എന്തുവിലകൊടുത്തും നീതി ലഭിക്കണം. ഇനിയൊരു സ്ത്രീക്കും തങ്ങളുടെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്,” പെൺകുട്ടി പറഞ്ഞു.

ആക്രമിക്കപ്പെടുന്നതിന് മുൻപ് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ച വീട്ടമ്മയാണ് രണ്ടാമത്തെ സ്ത്രീ. സമീപത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലെ നിത്യസന്ദർശകയായിരുന്നു. എന്നാൽ ആക്രമണത്തിനുശേഷം ജീവിതം നിലച്ചുപോയി..

‘പിന്നീടൊരിക്കലും പള്ളിയിലേക്ക് പോയില്ല. വീടും നാടും വിട്ടു. എന്റെ വിഭാഗത്തിൽ നിന്നുള്ളവരെ ഉൾപ്പെടെ സംബോധന ചെയ്യാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. എന്റെ അഭിമാനം നഷ്ടമായി. ഞാനൊരിക്കലും പഴയതുപോലെ ആകില്ല,തങ്ങളുടെ ഗ്രാമവും പള്ളിയുമെല്ലാം ആൾകൂട്ടം അഗ്നിക്കിരയാക്കിയപ്പോൾ സഹായത്തിന് പോലീസിനെ വിളിച്ചിരുന്നു. എന്നാൽ അവരെത്തിയില്ല. സംസ്ഥാന സർക്കാരിൽ വിശ്വാസമില്ല. അവർ പക്ഷപാതം കാണിക്കുന്നു’. അവർ പറയുന്നു. സ്ത്രീയോട് ഒരിക്കലും അനാദരവ് കാണിക്കാൻ പാടില്ലെന്ന് എല്ലാ അമ്മമാരും കുട്ടികളെ പഠിപ്പിക്കണമെന്ന് ഒരമ്മ കൂടിയായ ആ സ്ത്രീ ആവശ്യപ്പെട്ടു

ഒരു വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലാണ് ഇന്ന് ഇരുവരുടെയും ജീവിതം. പേടിയോടെയാണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നതെന്ന് ഇരുവരും പറയുന്നു. സംഭവത്തിനു ശേഷം നിലവിൽ രണ്ടുപേരും മറ്റൊരു പട്ടണത്തിൽ ഒളിവിലെന്ന പോലെയാണ് താമസിക്കുന്നത്.

Manipur Women in naked assault video say ‘will not give up’

More Stories from this section

family-dental
witywide