ചെന്നൈ: തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശ കേസിൽ മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ഹർജിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി കോടതി തള്ളിയത്.
അതിനിടെ മൻസൂർ അലി ഖാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ചെന്നൈ തൗസന്‍റ് ലൈറ്റ്സ് വനിതാ സ്റ്റേഷനിൽ ഹാജരായ മൻസൂർ അലി ഖാനെ അര മണിക്കൂറിലധികം പൊലീസ് ചോദ്യം ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ എന്നീ വകുപ്പുകൾചുമത്തിയായിരുന്നു കേസ്.
തന്റെ വാക്കുകൾ തൃഷയെ അപമാനിക്കാൻ ആയിരുന്നില്ലെന്നും തൃഷയ്ക്ക് വിഷമുണ്ടായതിൽ ഖേദമുണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ മൻസൂർ അലി ഖാൻ വ്യക്തമാക്കി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് മൻസൂർ അലി ഖാൻ ചോദ്യം ചെയ്യലിന് ഹാജരായത്.
ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തൃഷക്കെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. മൻസൂർ അലി ഖാനെതിരെ തൃഷയും സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു.