“പിണറായിയെ ഒരുകോടിയുടെ ബസോടെ പുഴയിൽ കാണാം…” നവ കേരള സദസ്സിന് മാവോയിസ്റ്റ് ഭീഷണിക്കത്ത്

വയനാട്: മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് തടയുമെന്ന് ഭീഷണിപ്പെടുത്തി വയനാട് കളക്ടറേറ്റിൽ രണ്ട്  ഭീഷണിക്കത്തുകൾ കിട്ടി. സിപിഐ(എംഎൽ) വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്.  

കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. പതിവനസുരിച്ച് ദളം, വക്താവിൻ്റെ പേര് തുടങ്ങിയവ സഹിതമാണ് സിപിഐ മാവോയിസ്റ്റുകൾ എഴുത്തുകളും പോസ്റ്ററുകളും തയ്യാറാക്കാറ്. എന്നാൽ ഈ കത്തിൽ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല.

യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം, സൂക്ഷിച്ചോയെന്നും വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസ്സുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു.ജനസദസ്സിനോട് അനുബന്ധിച്ച് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയുണ്ട്. ഇന്നാണ് ജില്ലയിലെ ജനസദസ്സ്.

ഇന്നലെ കണ്ണൂരിലെ പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് മുഖ്യമന്ത്രി പോയ റോഡിന് 20 കിലോമീറ്റർ സമീപം 6 പേരടുങ്ങുന്ന മാവോയിസ്റ്റ് സംഘത്തെ കണ്ടതായി നാട്ടുകാർ . കേളകം ടൌണിന് സമീപമാണ് യൂണിഫോമിലുള്ള മാവോയിസ്റ്റുകളെ കണ്ടത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ പേര്യ വഴിയാണ് നവകേരള ബസ് ഇന്നലെ കടന്നു പോയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനും ഭീഷണിക്കത്ത് കിട്ടി. സിപിഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത്. പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കലക്ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്പെഷൽ ബ്രാഞ്ചിന് കൈമാറി. 

Maoist threat letter to Nava Kerala Sadas