നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. കേരള കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഒരുപക്ഷേ ഏറ്റവുമധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇരയായ സഭാധ്യക്ഷനായിരിക്കും ആലഞ്ചേരി. കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായി സഭാ തലപ്പത്തേക്ക് കടന്നു വന്ന ആലഞ്ചേരി പിതാവിനെ ഏറ്റവുമധികം പിടിച്ചുലച്ചത് ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കുര്‍ബാന വിവാദവുമായിരുന്നുവെന്നതില്‍ സംശയമില്ല.
കാനോനിക നിയമങ്ങള്‍ പാലിക്കുന്നതില്‍ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കര്‍ദിനാളിന് എല്ലാ രീതിയിലും തിരിച്ചടിയായത്. 2017ലെ സഭാ ഭൂമി വിവാദത്തോടെ കര്‍ദിനാളിനെ അനുഗമിച്ചിരുന്ന നല്ലൊരു വിഭാഗം വിശ്വാസികളും കൂറുമാറി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നു. സ്ഥാനത്ത് നിന്ന് ഒഴിവാകണമെന്ന ആവശ്യങ്ങള്‍ അന്നേ ഉയര്‍ന്നു തുടങ്ങി.
എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എറണാകുളംകാരന്‍ അല്ലാത്തൊരാള്‍ കടന്നു വന്നപ്പോള്‍ സൗമ്യതയുടേയും ആദര്‍ശങ്ങശളുടേയും പേരില്‍ ആദ്യം ചേര്‍ത്തു പിടിച്ചവര്‍ പിന്നീട് വിവാദങ്ങളില്‍ കര്‍ദിനാള്‍ ചുറ്റപ്പെട്ടപ്പോള്‍ തള്ളിക്കളഞ്ഞു. ഭൂമി വിവാദത്തിന്റെ അലയൊലികള്‍ തീരുമുന്‍പേയാണ് കുര്‍ബാന വിവാദം എത്തിയത്. സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു നീങ്ങാന്‍ തയ്യാറാകാതിരുന്ന കര്‍ദിനാള്‍ ഈ വിഷയത്തില്‍ കൂടുതല്‍ എതിര്‍പ്പുകള്‍ സമ്പാദിച്ചു.
ജനാഭിമുഖ കുര്‍ബാന മതിയെന്ന് ഒരു കൂട്ടരും പറ്റില്ലെന്ന് മറ്റൊരു കൂട്ടരും വാശി പിടിച്ചപ്പോള്‍ ക്രൈസ്തവര്‍ തല്‍ക്കാലത്തേക്കെങ്കിലും ക്രിസ്തുവിനേയും ക്രൈസ്തവ ധര്‍മ്മത്തേയും കാറ്റില്‍ പറത്തി. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ അള്‍ത്താരയില്‍ വരെ കയറി വിശ്വസികള്‍ തല്ലുണ്ടാക്കി. ഒടുവില്‍ തന്നെ വിടാതെ പിന്തുടരുന്ന വിവാദങ്ങളില്‍ നിന്ന് ഒഴിവാകാനും സമാധാനത്തോടെ സഭയില്‍ തുടരുന്നതിനും സ്ഥാനത്യാഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലാതായ അവസ്ഥാ വിശേഷം വന്നെത്തി എന്നു തന്നെ പറയാം.
1945 ഏപ്രില്‍ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തിയില്‍ ആലഞ്ചേരി കുടുംബത്തിലാണ് ആലഞ്ചേരി പിതാവിന്റെ ജനനം. പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന്റെ ആദ്യ പടി പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടെ ബിരുദം. ആലുവ മംഗലപ്പുഴയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18ന് തുരുത്തി സെന്റ് മേരീസ് പള്ളിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
1974 ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സ്ഥാനമേറ്റു. 1981-86 ല്‍ ഫ്രാന്‍സില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു. 1986-97 കോട്ടയം വടവാതൂര്‍ സെമിനാരി പ്രൊഫസറായി. 1996ല്‍ മെത്രാനായി അഭിഷിക്തനായി. 2011 മെയ് മാസം സിനഡ് യോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 2012 ഫെബ്രുവരി 18ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി വാഴിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പടിയിറക്കം.