മറിയക്കുട്ടി ഒരു പോരാട്ടക്കുട്ടി; ഇന്ന് ഹൈറേഞ്ചിൽ നിന്ന് ഹൈക്കോടതിയിലേക്ക്


തൊടുപുഴ: സ്വന്തമായി ഭൂമിയും വീടുമുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് എതിരെയും പെൻഷൻ കിട്ടണമെന്ന് ആവശ്യപ്പെട്ടും ഹൈറേഞ്ചിലെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കും. ക്ഷേമപെൻഷൻ കിട്ടാതെ ചട്ടിയുമായി ഭിക്ഷയാചിച്ച് ശ്രദ്ധ നേടിയ 87 വയസ്സുള്ള ഈ അമ്മയാണ് ഇപ്പോൾ കേരളത്തിലെ താരം. സ്വന്തമായി സ്ഥലമില്ല എന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായാണ് കോടതി കയറാൻ തയാറെടുക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ മറിയക്കുട്ടിക്ക് എതിരെ സിപിഎം വലിയ പ്രചാരണം ആരംഭിച്ചു. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും രണ്ടു വീടും ഉണ്ടെന്നും മകള്‍ വിദേശത്തുണ്ട് എന്നുമായിരുന്നു വാര്‍ത്ത. വാർത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മാപ്പങ്ങ് കോടതിയിൽ പറഞ്ഞാൽ മതിയെന്നാണ് അടിമാലി ഇരുന്നൂറ് ഏക്കർ സ്വദേശി പൊരുന്നുത്തുപാറ വീട്ടിൽ മറിയക്കുട്ടിയുടെ നിലപാട്. സമൂഹമാധ്യമങ്ങൾ പക്ഷേ മറിയക്കുട്ടിയെ വെറുതെ വിടുന്നില്ല. പെൻഷനൊട്ടു കിട്ടിയുമില്ല.

മണ്ണിനോടും പ്രകൃതിയോടും പോരാടി തളരാത്ത മലയോരത്തെ മറിയക്കുട്ടിക്ക് ഈ സോഷ്യൽ മീഡിയ ലിഞ്ചിങ് എന്ന പ്രതിസന്ധി ഒരു വിഷയമേയല്ല. ” തിരിച്ചടികളിൽ തളരുന്നയാളല്ല ഞാൻ. 51ാം വയസ്സിൽ കെട്ടിയവൻ ഉപേക്ഷിച്ചു പോയി. എന്നിട്ടും ഞാൻ ജീവിച്ചില്ലേ.. 62ാം വയസ്സിൽ തിമിരം വന്ന് രണ്ട് കണ്ണിൻ്റേയും കാഴ്ച പോയി. ഓപറേഷൻ ചെയ്ത് കാഴ്ച തിരിച്ചുകിട്ടിയാലും കട്ടിപ്പണിയൊന്നും എടുക്കാൻ മേലാരുന്നു. 75ാം വയസ്സിലാണ് വല്യ അടികിട്ടിയത്. തെങ്ങിൻ്റെ ഓലമടല് മേത്തോട്ട് വീണു. തലയ്ക്കും മൂക്കിനും കാലിനും പരുക്കേറ്റു. കിടപ്പായി പോയാരുന്നു.. ഈ ക്ഷേമപെൻഷനും മക്കളുടെ സഹായവുമൊക്കെ കൊണ്ടാണ് രക്ഷപ്പെട്ടത്. രണ്ടുകൊല്ലത്തോളം കഷ്ടപ്പെട്ടുപോയി. ഇപ്പോഴും കാല് ശരിയായിട്ടില്ല.” അവർ പറയുന്നു.

അടിമാലിയിലെ ഇരുന്നൂറേക്കർ എന്ന സ്ഥലത്ത് അഞ്ച്സെൻ്റിലെ തകരമേഞ്ഞ വീട്ടിലാണ് മറിയക്കുട്ടി ജീവിക്കുന്നത്. ആ വീട് ഇളയമകൾ പ്രിൻസിയുടേതാണ്. അവർ അടിമാലി ബസ്സ്റ്റാൻഡിൽ ലോട്ടറി വിറ്റു ജീവിക്കുന്നു. “മൂത്തമകൾ ഡൽഹിയിൽ സുവിശേഷ വേല ചെയ്യുന്നു. അവളങ്ങ് വിദേശത്താന്ന് പറഞ്ഞായിരുന്നു പ്രചാരണം. രണ്ടാമത്തെ മകള് വയനാട്ടിലാണ്. തൊഴിലുറപ്പ് ജോലിക്കാരിയാണ്. മൂന്നാമത്തെ മകള് ഇടുക്കി ആയിരമേക്കറിലാണ്. അവൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ട്. എന്നിട്ടാണ് വലിയ ബാങ്ക് നിക്ഷേപമുണ്ടെന്ന് പറഞ്ഞ് പാർട്ടിക്കാര് പ്രചരിപ്പിച്ചത് ” മറിയക്കുട്ടി പറയുന്നു. അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കിട്ടാനുണ്ട് മറിയക്കുട്ടിക്ക്.

തുടക്കത്തിൽ മറിയക്കുട്ടി ഒറ്റയ്ക്കായിരുന്നു പോരാട്ടം. ഇപ്പോൾ നിയമസഹായവുമായി കോൺഗ്രസ് കൂടെയുണ്ട്. മാത്യു കുഴൽനാടൻ അടക്കമുള്ള നേതാക്കൾ ഹൈക്കോടതിയിലെത്താൻ സഹായിക്കുന്നുണ്ട്. എന്തായാലും പ്രതിപക്ഷത്തിനു കഴിയാത്തത് മറിയക്കുട്ടിക്കു കഴിഞ്ഞു.

Mariyakutty will file petition in High Court today Against false allegations

More Stories from this section

family-dental
witywide