തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരെ വ്യാപകമായി നടന്ന പ്രചാരണം.
വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും ഇതില്‍ കോടതി ഇടപെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. മറിയക്കുട്ടിയുടെ പേരില്‍ സ്വന്തമായി ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക.
‘തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അത് അവര് തെളിയിക്കണം. തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ’ എന്നായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം.
പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് മറിയക്കുട്ടി മണ്‍ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് പ്രതിഷേധമറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ വ്യാജ പ്രചരണങ്ങളും ഭീഷണികളുമുണ്ടായത്. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സിപിഎം അനുഭാവികളുടെ പ്രചരണം. സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി നേരത്തെ പരാതിപ്പെട്ടിരുന്നു. അതേസമയം മറിയക്കുട്ടിക്ക് വേണ്ട നിയമസഹായം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.