ഇടുക്കി: സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയെടുത്ത് മാധ്യമ ശ്രദ്ധ നേടിയ 87 വയസ്സുകാരി അടിമാലി ഇരുന്നൂർ ഏക്കറിലെ മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
നഷ്ടപരിഹാരം വേണം, വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് ശിക്ഷ നല്‍കണം ഈ രണ്ടുകാര്യങ്ങളാണ് ഹർജിയിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി.
മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തിയിരുന്നു. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദം പ്രകടിപ്പിച്ചു.മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തി കൈമാറിയിരുന്നു. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കിയത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. പ്രതിഷേധിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മറിയക്കുട്ടിക്ക് ബിജെപി നേതാവ് സുരേഷ് ഗോപിയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സഹായധനം നൽകിയിരുന്നു. അവർ അടിമാലി ഇരുന്നൂറേക്കറിൽ മറിയക്കുട്ടി താമസിക്കുന്ന സ്ഥലത്ത് എത്തി അവരെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
Media fame Mariyakkutty Files defamation case against Desabhimani news paper