സഭാ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടതായി മലയാളത്തിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിന്സ്ട്രേറ്റർ സ്ഥാനത്തുനിന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിനെ വത്തിക്കാൻ ഒഴിവാക്കിയെന്നും റിപ്പോർട്ട് പറയുന്നു. താഴത്തിലിന്റെ രാജി സ്വീകരിച്ചാണ് വത്തിക്കാന്റെ നടപടി. എറണാകുളത്ത് എന്ത് പ്രശ്ന പരിഹാരമാണ് സാധിച്ചത് എന്ന് ആൻഡ്രൂസ് താഴത്തിനോട് കഴിഞ്ഞദിവസം വത്തിക്കാൻ ചോദിച്ചിരുന്നു.
എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ എന്തു ചെയ്തെന്ന് വത്തിക്കാൻ ചോദിച്ചെന്നും. പരമാവധി സമയം നൽകിയിട്ടും എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വത്തിക്കാൻ കണ്ടെത്തിയെന്നുമാണ് റിപ്പോട്ട് . ഈ സാഹചര്യത്തിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടത്.
സഭയുടെ ദൈനംദിന ഭരണച്ചുമതല കൂരിയ ബിഷപ്പിന് കൈമാറാൻ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദേശം നൽകി. ജനുവരിയിലെ സിനഡ് വരെ സഭാ ഭരണം പൊന്തിഫിക്കൽ ഡെലിഗേറ്റ് നിർവഹിക്കുമെന്നാണ് സൂചന.
ഡിസംബർ 20ന് മുൻപ് കേരളത്തിലെത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസ്, സിറോ മലബാർ സഭയുടെ മുഴുവൻ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റാകാനാണ് സാധ്യത.
Media reports that Cardinal Mar Alencheri has been asked to resign by the Vatican