‘നൂറി’ എന്ന കുഞ്ഞു സുന്ദരി; ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി

ഗാന്ധി കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി. ‘നൂറി’ എന്ന സുന്ദരി നായക്കുട്ടിയെയാണ് രാഹുല്‍ പരിചയപ്പെടുത്തിയത്. അമ്മ സോണിയാഗാന്ധിക്ക് സര്‍പ്രൈസായി നൂറിയെ സമ്മാനിക്കുന്നതിന്റെ വിഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. ലോക മൃഗ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ പുതിയ അതിഥിയെ പരിചയപ്പെടുത്തിയത്.

സോണിയാഗാന്ധി ഒരു ബോക്‌സിന്റെ കവര്‍ നീക്കം ചെയ്യുന്നതും പട്ടിക്കുട്ടിയെ കണ്ട് അത്ഭുതത്തോടെയും സന്തോഷത്തോടെയും പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്. അവള്‍ വളരെ സുന്ദരിയാണെന്ന കമന്റും സോണിയാഗാന്ധി പറയുന്നുണ്ട്. ജാക്ക് റസ്സല്‍ ടെറിയര്‍ നായ്ക്കുട്ടിയായ നൂറിയെ ഗോവയിലെ മപൂസയില്‍ നിന്നാണ് രാഹുല്‍ സ്വന്തമാക്കിയത്.

‘നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ ഈ പുതിയ അംഗത്തെ, ഞങ്ങളുടെ നൂറിയെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി അവള്‍ ഗോവയില്‍ നിന്ന് പറന്നെത്തി. നിരുപാധികമായ സ്‌നേഹവും വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും അങ്ങനെ ഈ ഭംഗിയുള്ള കുഞ്ഞു മൃഗത്തിന് നമ്മെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാനും നമ്മുടെ സ്‌നേഹം പങ്കിടാനും തയ്യാറാകുമെന്ന് നാം പ്രതിജ്ഞയെടുക്കണം.’ എന്ന് വീഡിയോയ്‌ക്കൊപ്പം രാഹുല്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

Also Read

More Stories from this section

family-dental
witywide