മെയ്തെയ് വനിതകളെ അനുകൂലിച്ചില്ല, അമിതാ ഷായ്ക്ക് എതിരെ മെയ്തെയ് സംഘടന

കൊൽക്കത്ത: സുരക്ഷാ സൈനികരുടെ നീക്കം മണിപ്പുരി വനിതകൾ തടസ്സപ്പെടുത്തുന്ന സാഹചര്യത്തില്‍, മണിപ്പുരിൽ കലാപം അവസാനിപ്പിക്കാൻ വനിതകളെ നിയന്ത്രിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ മെയ്തെയ് സംഘടനകൾ രംഗത്തെത്തി. അമിത് ഷായുടെ പരാമർശം അനുചിതമാണെന്നും മണിപ്പുരി ഇമമാരുടെ (അമ്മമാരുടെ) സമരത്തിന് പിന്തുണ നൽകുമെന്നും കോ ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) പറഞ്ഞു. തന്നെ സന്ദർശിച്ച ബിജെപി എംഎൽഎമാരോടാണ് അമിത് ഷാ മണിപ്പുരി വനിതകളെക്കുറിച്ച് പരാതിപ്പെട്ടത്.

മെയ്പാ പെയ്ബികൾ എന്നറിയപ്പെടുന്ന മണിപ്പുരി വനിതകൾ മെയ്തെയ് പക്ഷത്തിനു വേണ്ടി സമരം ചെയ്യുകയാണ്. സൈനിക പോസ്റ്റുകള്‍ ഉപരോധിക്കുന്നതടക്കം മെയ്തെയ് വനിതകള്‍ സൈനിക നീക്കം തടസ്സപ്പെടുത്തുന്ന പ്രവ‍ൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളെ മണിപ്പുരി വനിതകൾ ബലമായി മോചിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വനിതകളെ നിയന്ത്രിച്ചാൽ 10 ദിവസം കൊണ്ട് കലാപം അവസാനിപ്പിക്കാമെന്നും ഷാ പറഞ്ഞിരുന്നു. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട 5 പേര്‍ ആധുനിക യന്ത്രതോക്കുകളുമായി പട്ടാള യൂണിഫോമില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 48 മണിക്കൂര്‍ ബന്ദ് മെയ്തെയ് ആഹ്വാനം ചെയ്ത് നടപ്പാക്കിയിരുന്നു. പ്രതിഷേധിച്ച് ഇന്നലെയും മണിപ്പുരി വനിതകൾ ഇംഫാൽ താഴ്‍വരയിൽ ഹർത്താൽ നടത്തി. ഇവരെ മോചിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.