മെക്‌സിക്കോ: തമൗലിപാസ് പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴു മരണം, 20 പേർ കുടുങ്ങി കിടക്കുന്നു

തമൗലിപാസ്: മെക്സിക്കോയിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴ് പേർ മരിക്കുകയും 20 ഓളം പേർ കുടുങ്ങിക്കിടക്കുകയും ചെയ്തതായി റിപ്പോർട്ട്. സിയുഡാഡ് മഡെറോയിലെ സാന്താക്രൂസ് പള്ളിയുടെ മേൽക്കൂര തകർന്നു വീണതിനെ തുടർന്ന് 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടം നടക്കുന്ന സമയത്ത് 100 ഓളം ആളുകൾ കൂട്ടത്തോടെ പള്ളിയിൽ ഉണ്ടായിരുന്നു എന്ന് തീരദേശ സംസ്ഥാനമായ തമൗലിപാസിലെ പൊലീസ് പറഞ്ഞു. പള്ളിയിൽ മാമ്മോദീസ ചടങ്ങുകൾ നടക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.