ലേലത്തുക രണ്ടരക്കോടി! മൈക്കൽ ജാക്സന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് വിറ്റു

മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന ലേബൽ മൈക്കൽ ജാക്സന് സ്വന്തം. അടുത്തിടെ ലണ്ടനിൽ നടന്ന ലേലത്തിൽ ഇതിഹാസതാരം മൈക്കൽ ജാക്‌സൺ ധരിച്ച കറുപ്പും വെളുപ്പും കലർന്ന ലെതർ ജാക്കറ്റ് 306,000 ഡോളറിന് (2.5 കോടി രൂപ) വിറ്റു പോയി. പോപ്പ് താരം ഏകദേശം 40 വർഷം മുമ്പ്, 1984 ലെ പെപ്‌സി പരസ്യത്തിൽ ധരിച്ചിരുന്ന ജാക്കറ്റാണിത്.

ജോർജ് മൈക്കിൾ ജാക്കറ്റ്, എമി വൈൻഹൗസ്, ഡേവിഡ് ബോവി, ഒയാസിസ്, ദി ബീറ്റിൽസ് എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളും 200-ലധികം സംഗീത സ്മരണികകളും ലേലത്തിൽ ഉണ്ടായിരുന്നു. 2007-ൽ ‘യു നോ ഐ ആം നോ ഗുഡ്’ എന്ന മ്യൂസിക് വീഡിയോയിൽ ബ്രിട്ടീഷ് ഗായിക എമി വൈൻഹൗസ് ധരിച്ചിരുന്ന ഒരു തേനീച്ചക്കൂടിന് സമാനമായ ഹെയർപീസാണ് ഉയർന്ന വില ലഭിച്ച മറ്റൊരു ശ്രദ്ധേയമായ ഇനം. 22,900 ഡോളറിനാണ് (19,06,885.29 രൂപ) വിറ്റുപോയത്.

എസി/ഡിസിയുടെ ആംഗസ് യങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗിബ്സൺ ഗിറ്റാറും ഒരു ലിമിറ്റഡ് എഡിഷൻ യെല്ലോ സബ്മറൈൻ ബീറ്റിൽസ് ജൂക്ക്ബോക്സും ഉണ്ടായിരുന്നു. ഇവ രണ്ടും ആരും വാങ്ങിയില്ല.

1984-ൽ പെപ്സിയുടെ പരസ്യ ചിത്രീകരണത്തിനിടെ ജാക്സന്റെ മുടിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്നു. എന്നാൽ ആ സമയത്ത് ജാക്സൻ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മൈക്കൽ ജാക്സൻ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും പല കാലങ്ങളിലായി ലേലത്തിൽ വിറ്റു പോയിട്ടുണ്ട്. 1983-ൽ തന്റെ പ്രശസ്തമായ മൂൺവാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കിൾ ജാക്‌സൻ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പിയും ലേലത്തിൽ വിറ്റുപോയി.

മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോഡുകൾ മൈക്കൽ ജാക്സന്റെ പേരിലാണ്. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ജാക്സൻ മരിക്കുന്നത്.

More Stories from this section

family-dental
witywide