മിഷോങ് ചുഴലിക്കാറ്റ്: അതിതീവ്ര മഴയില്‍ വലഞ്ഞ് ചെന്നൈ, ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഇതിനകം വെള്ളക്കെട്ടിലായിരിക്കുകയാണ്. ഇതുവരെ അഞ്ച് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വന്ദേ ഭാരത് അടക്കം ആറ് കേരളത്തിലേക്കുള്ളതുള്‍പ്പെടെ നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി. സബര്‍ബന്‍, മെട്രോ സര്‍വീസുകളും തടസപ്പെട്ടു. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. രാവിലെ ഒമ്പത് മണി വരെ അടച്ചിടുന്ന ചെന്നൈ വിമാനത്താവളം മഴയുടെ തീവ്രത അനുസരിച്ചാകും തുറക്കുക. ഇതുവരെ നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിരിക്കുന്നത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാല്‍ ചെന്നൈ നഗരം ഇരുട്ടിലാണ്. ആറ് പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഉടന്‍ തുറന്നു വിട്ടേക്കും. നദീതീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത കാണിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്‍ഡിഎഫ് സംഘങ്ങള്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മന്ത്രി ഉദയനിധി സ്റ്റാലിന്‍ വെള്ളപ്പൊക്ക ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

More Stories from this section

family-dental
witywide