‘സിനിമയുടെ രാഷ്ട്രീയം സംസാരിക്കാനാണ് വിളിച്ചത്, അതിനുള്ള യോഗ്യതയുണ്ട്; ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യമെന്നു മന്ത്രി ബിന്ദു

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടേതെന്നും മന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്നും അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ കുറിപ്പ്:

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു. ഇപ്പോള്‍ ”കാതല്‍” എന്ന സിനിമ ഈ സമൂഹത്തില്‍ ഒരു വിഭാഗം മനുഷ്യര്‍- സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവരും മനുഷ്യര്‍ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവ പൂര്‍ണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

More Stories from this section

family-dental
witywide