തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മറിയക്കുട്ടിയ്‌ക്കെതിരേ മന്ത്രി സജി ചെറിയാന്‍. മറിയക്കുട്ടിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയെന്നും മറിയക്കുട്ടിയ്‌ക്കൊന്നും തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. എന്നാല്‍ പ്രതിപക്ഷം എടുത്ത നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെന്‍ഷനിൽ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വര്‍ധിപ്പിച്ചുള്ളൂ. 600 രൂപയാക്കി. മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. ഞാന്‍ അവരെ വേറെയൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തിനാ ഇത്ര തുള്ളുന്നത്, സജി ചെറിയാന്‍ ചോദിച്ചു.
60,000 കോടി രൂപ കേന്ദ്രം തരാതെവന്നപ്പോൾ 3 മാസത്തെ കുടിശ്ശിക വന്നത്. കേന്ദ്ര ഗവൺമെന്റ് കേരളത്തിന് തരേണ്ട പണം തരാതെ വരുമ്പോൾ ഉണ്ടാകുന്ന ബാധ്യത സാധാരണക്കാരേയും ബാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി സംസ്ഥാനത്തെ തകർക്കുക അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സാമ്പത്തിക തകർച്ച കൂടാതെ ഗവർണ്ണറെ ഉപയോഗിച്ച് ഉള്ള നീക്കവും നടക്കുന്നു. ഇങ്ങനെ ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ശ്രമം. നിയസഭ പാസാക്കുന്ന നിയമങ്ങൾ ഒപ്പിടേണ്ടത് ഗവർണ്ണറുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.