പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’ എന്ന പേര് മാറ്റാനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇ-മെയില്‍ വഴിയാണ് കത്തയച്ചത്. രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണെന്നും ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ പ്രധാന ഭാഗമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു. ആർട്ടിക്കിൾ 1 ൽ രാജ്യത്തെ ‘ഇന്ത്യ’ എന്നും ‘ഭാരതം’ എന്നും പരാമർശിക്കുന്നുവെന്നും ഇ-മെയിൽ വഴി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

തലമുറകളായി, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

എന്‍സിഇആര്‍ടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസരംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നു. ഇത്തരം ശുപാര്‍ശകള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകള്‍ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള എന്‍സിഇആര്‍ടി പാനലിന്റെ നിര്‍ദേശത്തില്‍ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തുന്നത് വിദ്യാഭ്യാസസമ്പ്രദായത്തിന്റെയും വൈവിധ്യമാര്‍ന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താത്പര്യമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide