മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജി വെച്ചു

തിരുവനന്തപുരം : മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും, ആന്റണി രാജുവും രാജി വെച്ചു. മന്ത്രിമാര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മന്ത്രിമാര്‍ രാജി വെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേഷ് കുമാറും മന്ത്രിമാരാകും. അല്‍പ സമയത്തിനകം ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ മാസം 29 നാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാധ്യത. ഇരുവരും മുമ്പ് ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

നിലവിലെ മന്ത്രിമാര്‍ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു നവംബര്‍ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.

എന്നാല്‍ ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായാല്‍ കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ ജനുവരിയിലേക്ക് മാറ്റിവെച്ച എറണാകുളത്ത് നടക്കുന്ന നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.

More Stories from this section

family-dental
witywide