ന്യൂഡൽഹി: ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുരുതര കണ്ടെത്തലുമായി ഡൽഹി പൊലീസ്. തക്കം കിട്ടിയപ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ അധ്യക്ഷന്‍ പീഡിപ്പിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഡൽഹി പൊലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
ഡൽഹി റോസ് ഹൗസ് അവെന്യു കോടതിയിലാണ് കേസിന്‍റെ വാദം നടക്കുന്നത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പീഡന പരാതി നല്‍കിയത്. ഡൽഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരായ അഡിഷണല്‍ പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് പൊലീസിന്‍റെ കണ്ടെത്തല്‍ കോടതിയെ ധരിപ്പിച്ചത്.
വനിതാ ഗുസ്തി താരങ്ങളെ അധ്യക്ഷന്‍ മനപ്പൂര്‍വമായി അപമാനിക്കാന്‍ ശ്രമിച്ചു. ബ്രിജ് ഭൂഷണ്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ മൂന്ന് തരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത. താരങ്ങള്‍ പൊലീസിന് എഴുതിയ നല്‍കിയ പരാതിയിലും, പൊലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികളിലും, സിആര്‍പിസി 164 പ്രകാരം പരാതിക്കാര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴികളിലും പ്രതി നടത്തിയ കുറ്റകൃത്യങ്ങള്‍ വ്യക്തമാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വലിയ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ബിജെപി എംപിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. പോക്‌സോ കേസടക്കം എംപിക്കെതിരെ നല്‍കിയിട്ടും ബിജെപി ഒരു നടപടിയും ഇയാള്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ബ്രിജ് ഭൂഷണിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പീഡന കേസിലെ പ്രതി ഇന്ത്യന്‍ പാര്‍ലമെന്റിലെ അംഗമായിരിക്കുകയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്നത് ബിജെപി രാഷ്ട്രീയ ലാഭത്തിന് വേണ്ടി മറക്കുകയാണെന്നും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പറയുന്നു.