ഡൽഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡിസംബർ 4, തിങ്കളാഴ്ചത്തേക്ക്. ഡിസംബർ 3 ഞായറാഴ്ച വോട്ടെണ്ണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തിയതി മാറ്റിയത്.
ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് വിശേഷ ദിവസമാണ്. ഇത് ചൂണ്ടിക്കാട്ടി വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് നിരവധി നിവേദനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നവംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ മിസോറാമിൽ 80.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ മിസോറാമിൽ തൂക്കുസഭയാണ് പ്രവചിച്ചത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ വേട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും.