ന്യൂഡല്‍ഹി: എഴുപത്തിയാറ് ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന് മോണിംഗ് കണ്‍സള്‍ട്ടിന്റെ സര്‍വേ.
യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ പ്രകാരം ഇന്ത്യയിലെ 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു, അതേസമയം 18 ശതമാനം പേര്‍ അതിനെ അംഗീകരിക്കുന്നില്ല, ആറ് ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറും (66 ശതമാനം) സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റും (58 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ ലോക നേതാക്കളില്‍പ്പെടുന്നു.
മുന്‍ സര്‍വേകളിലും പ്രധാനമന്ത്രി മോദി ആഗോള റേറ്റിംഗില്‍ ഒന്നാമതെത്തിയിരുന്നു. അതേസമയം, മറ്റ് വലിയ ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗുകള്‍ മിതമായ തലത്തിലാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37 ശതമാനവും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 31 ശതമാനവും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് 25 ശതമാനവും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് 24 ശതമാനവും അംഗീകാരമാണുള്ളത്.
ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി വന്‍ വിജയം നേടിയതിന് ശേഷമാണ് ഈ റേറ്റിംഗുകള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്.