
അഹമ്മദാബാദ്∙ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുംഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽ ‘നരേന്ദ്ര മോദി സ്റ്റേഡിയ’ത്തിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ മത്സരം. മത്സരത്തിനു മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയ്റോബിക് സംഘത്തിന്‍റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും.
മത്സരത്തിനു മുന്നോടിയായും ഇടവേളകളിലും വിവിധ കലാപരിപാടികളും അരങ്ങേറും. ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും സെമിയും ജയിച്ച ഇന്ത്യ ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു. കൂടാതെ, സെലിബ്രിറ്റികളും മുൻ താരങ്ങളും മത്സരം കാണാനെത്തും.
മുൻപ്, ഇതേ സ്റ്റേഡിയത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദി എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഒപ്പമുണ്ടായിരുന്നു.