മോദിയുടെ 133 മിനുട്ട് പ്രസംഗം; മണിപ്പൂര്‍ കലാപത്തെക്കുറിച്ചു പരാമർശിച്ചത് 4 മിനുട്ട് മാത്രം

ന്യൂഡൽഹി: 133 മിനുട്ട് നീണ്ടു നിന്ന് പ്രധാനമന്ത്രിയുടെ അവിശ്വാസ പ്രമേയ മറുപടി പ്രസംഗത്തിൽ മണിപ്പൂരിനെ കുറിച്ച് പരാമർശിച്ചത് നാല് മിനുട്ട് മാത്രം. മണിപ്പൂരിനെക്കുറിച്ച് അമിത്ഷാ വിശദമായി പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം സമാധാനം വീണ്ടെടുക്കാൻ ഒരുമിച്ചു പ്രവർത്തിക്കണമെന്നും രാജ്യം ഒപ്പമുണ്ടാകുമെന്നും വാഗ്ദാനം ചെയ്തു.

ഭരണനേട്ടങ്ങൾ വിശദീകരിക്കാനും പ്രതിപക്ഷത്തെ പരിഹസിക്കാനുമാണ് കൂടുതൽ സമയം നീക്കിവച്ചത്. തിരഞ്ഞെടുപ്പു പ്രസംഗം നിർത്തി മണിപ്പുരിനെക്കുറിച്ചു പറയാൻ പ്രധാനമന്ത്രിയോടു നിർദേശിക്കണമെന്ന് പലവട്ടം പ്രതിപക്ഷാംഗങ്ങൾ സ്പീക്കറോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കുറേ നേരം പോസ്റ്ററുകളുയർത്തി മുദ്രാവാക്യവും വിളിച്ചു. എന്നിട്ടും മണിപ്പുരിലെക്കെത്താതിരുന്നപ്പോഴാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതിനു തൊട്ടു പിന്നാലെ മണിപ്പുരിനെക്കുറിച്ച് ഏതാനും വാക്കുകൾ പറഞ്ഞ ശേഷം വീണ്ടും രാഷ്ട്രീയ വിമർശനത്തിലേക്കു കടന്നു.