ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച പേസ് ബൗളര്‍ മുഹമ്മദ് ഷമിയെയും ഇന്ത്യൻ ടീമിനെയും രാജ്യം വാനോളം പ്രശംസിക്കുകയാണ്. ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമി എറിഞ്ഞിട്ടത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഷമി 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുനല്‍കി ഏഴുവിക്കറ്റാണ് വീഴ്ത്തിയത്. ഈ പ്രകടനമാണ് റെക്കോഡുകള്‍ക്ക് വഴിവെച്ചത്. മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ രാജ്യദ്രോഹപ്പട്ടം ചാർത്തി തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്ക് ഇതിനപ്പുറം ഒരു മറുപടി നൽകുന്നതെങ്ങനെ!
ഷമിക്കും ഇന്ത്യൻ ടീമിനും പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെത്തി. വ്യക്തിഗത പ്രകടനങ്ങളാണ് വാങ്കഡെയിലെ സെമി ഫൈനൽ മികച്ചതാക്കിയതെന്നും മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനം ക്രിക്കറ്റ് ആരാധകർ തലമുറകളോളം നെഞ്ചേറ്റുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“ഇന്നത്തെ സെമി ഫൈനൽ കൂടുതൽ മികവുറ്റതാക്കിയത് ചില മികച്ച വ്യക്തിഗത പ്രകടനങ്ങൾ ആയിരുന്നു. മുഹമ്മദ് ഷമിയുടെ ഈ ബൗളിംഗ് പ്രകടനം ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം നെഞ്ചേറ്റും. വെൽ പ്ലെയ്ഡ് ഷമി!” പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
ഏകദിന മത്സരത്തിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയുടെ റെക്കോഡ് ഷമി മറികടന്നു. ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ഷമിയുടെ പന്തില്‍ പുറത്തായത്.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഷമി സ്വന്തമാക്കി. 2011-ല്‍ സഹീര്‍ഖാന്‍ നേടിയ 21 വിക്കറ്റിന്റെ റെക്കോഡ് ഷമി മറികടന്നു. നിലവില്‍ ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമിയുടെ അക്കൗണ്ടില്‍ 23 വിക്കറ്റുണ്ട്.
ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന നേട്ടവും ഷമിക്ക് തന്നെ. വെറും 17 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 50-ല്‍ എത്തിയത്. 19 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റെടുത്ത ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോഡ് ഷമി തകര്‍ത്തു.
ലോകകപ്പില്‍ മൂന്ന് തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ബൗളര്‍ എന്ന റെക്കോഡും ഇനി ഷമിയുടെ പേരിൽ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷമി ന്യൂസീലന്‍ഡിനെതിരേ രണ്ട് തവണ അഞ്ചുവിക്കറ്റ് നേടി. ശ്രീലങ്കയ്‌ക്കെതിരെയും താരം അഞ്ചുവിക്കറ്റെടുത്തു.