മുംബൈ: ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് വേള്‍ഡ് കപ്പ് ട്രോഫിയില്‍ കാല് കയറ്റിവെച്ച സംഭവത്തില്‍ മാര്‍ഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലോകത്തിലെ എല്ലാ ടീമുകളും ആ ട്രോഫിക്കു വേണ്ടി പോരാടുന്നു. ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെയൊരു ട്രോഫിയില്‍ കാല്‍ കയറ്റിവയ്ക്കുന്നത് എനിക്ക് ഒരിക്കലും സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. ആ ചിത്രം തന്നെ വേദനിപ്പിച്ചുവെന്നും ഷമി പറഞ്ഞു.
2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയാണ് വിവാദ സംഭവം അരങ്ങേറിയത്. ഓസ്ട്രേലിയന്‍ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ക്കിടയില്‍ മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ച ചിത്രം സോഷ്യല്‍മീഡിയിയല്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാട്ടിയ മാര്‍ഷിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മാര്‍ഷിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ആരാധകര്‍ വന്‍ വിമര്‍ശനമാണ് മാര്‍ഷിനെതിരെ ഉയര്‍ത്തിയത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യ, ഫൈനല്‍ മത്സരത്തില്‍ നിരാശാജനകമായ തോല്‍വിയാണ് നേരിട്ടത്. തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ടീം ആരാധകരുടെ ശ്രദ്ധ തിരിച്ചു കൊണ്ടാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ വിവാദ ചിത്രം വൈറലായത്. ‘ലോകകപ്പില്‍ കളിക്കാനിറങ്ങുമ്പോള്‍ മാനസികമായി ശക്തരായിരിക്കണം. ചിലപ്പോഴൊക്കെ സമ്മര്‍ദത്തിന്റെ പിടിയിലായിരിക്കാം. പക്ഷേ ടീം നന്നായി കളിക്കുമ്പോള്‍ അതു നമുക്കു തൃപ്തി നല്‍കുമെന്ന് ഷമി മാധ്യമങ്ങളോട് പറഞ്ഞു.