വനിതാ പൊലീസുകാരെ ഇരുമ്പുകമ്പി കൊണ്ട് ആക്രമിച്ച സംഭവം; അമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് 13 വര്‍ഷം കഠിന തടവ്

ആലപ്പുഴ: വനിതാ പോലീസുകാരെ ഇരുമ്പു കമ്പികൊണ്ട് ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് 13 വര്‍ഷം കഠിനതടവ്. നൂറനാട് ഉളവുക്കാട് വന്മേലിത്തറയില്‍ ആതിര (ചിന്നു-26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവര്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി എസ് എസ് സീന ശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 23ന് ആലപ്പുഴ വനിത സെല്‍ എസ്എച്ച്ഒ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാകുമാരി (59), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ലേഖ (48) എന്നിവരെ ആക്രമിച്ച കേസിലാണ് വിധി. ആക്രമണത്തില്‍ മീനാകുമാരിയുടെ വലതു കൈവിരല്‍ ഒടിഞ്ഞിരുന്നു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മീനാകുമാരിക്കു നല്‍കണം. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതികള്‍ മൂന്നു പേരും 7 വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം.

ആലപ്പുഴ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് അമ്മയും മകളും ചേര്‍ന്ന് ആക്രമിച്ചത്. പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്മേലില്‍ പ്രദേശത്തെ 51 പേര്‍ ഒപ്പിട്ടു കലക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വനിതാ പൊലീസ് സംഘം അന്വേഷണത്തിനെത്തിയത്. സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്രതികള്‍ കമ്പി വടി ഉപയോഗിച്ച് വനിതാ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

More Stories from this section

family-dental
witywide