”എൻ്റെ കുട്ടിയെ കൊന്നത് സത്യമാണ്, എൻ്റെ കുഞ്ഞിന് നീതികിട്ടിയില്ല”: വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ അമ്മ

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതേ വിട്ടതിനു പിന്നാലെ കോടതിമുറ്റത്ത് നടന്ന രംഗങ്ങള്‍. ആരെയും വേദനിപ്പിക്കുന്നത്. വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു.

. ”എന്റെ കുട്ടിയെ കൊന്നത് സത്യമാണ്, എന്റെ കുഞ്ഞിന് നീതികിട്ടിയില്ല” എന്നു വിലപിച്ചുകൊണ്ടു ആ അമ്മ മാധ്യമങ്ങള്‍ക്കു മുന്നിൽ വന്നു.

”പതിനാല് വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്, അവളെ അവന്‍ കൊന്നുകളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാണ്. അവനെ വെറുതേ വിടില്ല. നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം അവന്‍ ചെയ്ത കാര്യങ്ങള്‍. എന്നിട്ടാണ് അവനെ വെറുതേ വിട്ടത്. അവന്‍ ഇനി സന്തോഷമായിട്ട് ജീവിക്കാന്‍ പോകുവാ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായില്ലേ”- കുട്ടിയുടെ അമ്മ നെഞ്ചുതകർന്ന് ചോദിച്ചു.

‘അവനെ ഞങ്ങള്‍ വെറുതേവിടില്ല. ഞങ്ങളുടെ കുഞ്ഞിനോടു ചെയ്തതിന് അവനെ അനുഭവിപ്പിക്കും” കുട്ടിയുടെ മറ്റൊരു ബന്ധു പ്രതികരിച്ചു. തങ്ങളുടെ കുഞ്ഞിന് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രതിയെ വെറുതേ വിടില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2021 ജൂണ്‍ 30-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടുക്കി വണ്ടിപ്പെരിയാറിലെ ചൂരക്കുളം എസ്‌റ്റേറ്റ് മുറിക്കുള്ളിലാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സമീപവാസിയായ അര്‍ജുന്‍ അറസ്റ്റിലാകുന്നത്. ചോദ്യംചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിച്ചു.

പീഡനത്തിനിടെ ബോധംപോയ കുഞ്ഞിനെ പ്രതി കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി മൂന്ന് വയസ് മുതല്‍ കുഞ്ഞിനെ പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിരുന്നു.

പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു. വിചാരണയില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്കെതിരായ ഒരു കുറ്റം പോലും തെളിയിക്കാനാകാതെ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

Mother of victim at Vandiperiyar Condemns court verdict

More Stories from this section

family-dental
witywide