നിയമനടപടികള്‍ നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്ന സ്വകാര്യ ബസ് റോബിന്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വ്വീസിനിറങ്ങിയപ്പോള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് പുലര്‍ച്ചെ 5.20ന് റാന്നിയില്‍ വെച്ചാണ് ബസ് എംവിഡി പിടിച്ചെടുത്തത്. പരിശോധനകള്‍ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ബസ് റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
പെര്‍മിറ്റിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് റാന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജോയ്കുമാര്‍ ബസിനെതിരെ നടപടിയെടുത്തിരിക്കുന്നത്. കെസ്ആര്‍ടിസി ബസുകള്‍ക്ക് സമാന്തരമായി സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ബദല്‍ യാത്രാ സംവിധാനം ഒരുക്കി നല്‍കിയ ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്തത്.
ഓള്‍ ഇന്ത്യ പെര്‍മിറ്റോടെ സര്‍വ്വീസ് തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ കെഎസ്ആര്‍ടിസിയിലേയും മോട്ടോര്‍ വാഹന വകുപ്പിലേയും ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് നേരത്തേ ബസ് തടഞ്ഞതെന്നും റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചിരുന്നു. എതിര്‍പ്പുകള്‍ മറികടന്ന് സര്‍വ്വീസ് നടത്തുമെന്നും ഗിരീഷ് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏത് റൂട്ടിലും പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്താമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. മറ്റ് റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും വെള്ള നിറം ബാധകമല്ലെന്നും ബസുടമകള്‍ വാദിക്കുന്നു. എന്നാല്‍ കേന്ദ്ര വിജ്ഞാപനത്തിന്റെ മറപറ്റി സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പിന്റേത്.