തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കമെന്ന് സൂചന. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. നിലവിലെ സ്പീക്കര്‍ എ.എൻ.ഷംസീർ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറാകുമെന്നും അറിയുന്നു. ആരോഗ്യവകുപ്പ് ഷംസീറിന് നൽകിയേക്കും. പുനസംഘടനയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും.
എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയണം.
പകരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരകണം. എന്നാല്‍ കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.
വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കം.. എന്നാൽ, വനം വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. വി. ശിവൻകുട്ടിയുടെ കൈയിൽനിന്നു വിദ്യാഭ്യാസം മാറ്റി പകരം എം.ബി.രാജേഷ് കൈവശം വച്ചിരിക്കുന്നവയിൽനിന്ന് എക്സൈസും തൊഴിലും നൽകിയേക്കുമെന്ന സൂചനയുമുണ്ട്. വീണാ ജോർജിന് വിദ്യാഭ്യാസം നൽകും എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
20നാണ് എൽഡിഎഫ് യോഗം. ഇതിനു പിന്നാലെ സിപിഎം പാർട്ടി യോഗങ്ങൾക്കുംശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.