മധ്യപ്രദേശ് ബിജെപിയിൽ ഭൂകമ്പം, ജബൽപൂരിൽ പാർട്ടിഓഫിസിൽ കയ്യാങ്കളി

ഭോപാൽ:രണ്ട് സീറ്റ് ഒഴിച്ച് ബാക്കി സ്ഥാനാർഥികളുടെ പട്ടിക പുറത്തു വന്നതോടെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടർന്ന് നിരവധി പ്രാദേശിക നേതാക്കൾ ചേർന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞുവച്ചു. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനേയും കയ്യേറ്റം ചെയ്തു. ഇന്ന് 92 സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് മധ്യപ്രദേശ് ബിജെപിയിലെ അസംതൃപ്തി കയ്യേറ്റമായി കലാശിച്ചത്.

ജബൽപൂരിലാണ് സംഭവം . മുൻ മന്ത്രി ശരത് ജയിനിൻ്റെ അനുയായികളാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയത്. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ ഇവർ കയ്യേറ്റം ചെയ്തു. പാർട്ടി ഓഫിസിൽ ഒരു മണിക്കൂർ നേരം ബഹളം അരങ്ങേറി. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയ്ക്കു നേരെയും പ്രവർത്തകർ തിരിഞ്ഞു. സ്ഥാനാർഥിയെ മാറ്റിയില്ലെങ്കിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിലെ 29 എംഎഎമാർക്കും 3 മന്ത്രിമാർക്കും ബിജെപി സീറ്റ് നൽകിയിട്ടില്ല.

230 സീറ്റുകളിൽ ഇനി 2 രണ്ടു സീറ്റുകളിൽ കൂടി മാത്രമേ സ്ഥാനാർഥിയേ പ്രഖ്യാപിക്കാൻ ബാക്കിയുള്ളു. വിമത നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. മധ്യപ്രദേശിലെ മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനെ തന്നെ മൽസരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്ന സ്വരങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ പട്ടികയിലാണ് ചൌഹാന് ബുധിനി മണ്ഡലത്തിൽ തന്നെ സീറ്റുണ്ട് എന്ന് ഉറപ്പിച്ചത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായല്ല ചൌഹാനെ ബിജെപി അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിരവധി കേന്ദ്രമന്ത്രി മാരും എംപി മാരും ഇത്തവണ മധ്യപ്രദേശിൽ മൽസരത്തിന് ഇറങ്ങുന്നുണ്ട്. എങ്ങനയും വിജയം ഉറപ്പാക്കുകയാണ് പാർട്ടി ലക്ഷ്യം. എന്നാൽ മൽസരിക്കും മുമ്പ് തന്നെ ബിജെപി തോറ്റെന്ന് കോൺഗ്രസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

MP BJP seat distribution minister Bhupendra Yadav faces heated exchange from party workers, gun man beaten