മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ജയിലില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി

കറാച്ചി: 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകരനുമായ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ദേരഘാസി ഖാന്‍ സെന്‍ട്രല്‍ ജയിലിനുള്ളിലാണ് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്.

അതേസമയം സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയതിനു ശേഷം ജയിലിലെ പാചകക്കാരനായ വ്യക്തിയെ കാണാനില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സാജിദ് മിറിനെ പാര്‍പ്പിച്ച ജയിലില്‍ അജ്ഞാതനായ ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അത് ജയിലിലെ പാചകക്കാരനായിരുന്നുവെന്നുമാണ് വിവരം. കാണാതായ പാചകക്കാരനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നതായി പാക് പോലീസ് അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാജിദ് മിറിനെ നേരത്തെ ലാഹോര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒരു മാസം മുന്‍പാണ് ദേര ഘാസി ഖാന്‍ ജയിലിലേക്ക് മാറ്റിയത്.

More Stories from this section

family-dental
witywide