ടെൽ അവീവ്: യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഭയാനകമായ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാണിച്ച ചിത്രങ്ങളില്‍ ഇവയും ഉള്‍പ്പെടും. ഹമാസ് കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ ഫോട്ടോകളാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു.
“ഹമാസ് രാക്ഷസന്മാര്‍ കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണിവ. ഹമാസ് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും ഹമാസ് ഐഎസ്‌ഐഎസ് ആണെ,”ന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചു.
അതിനിടെ, സിറിയയുടെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഇസ്രയേല്‍ ഒരേസമയം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും വിമാനത്താവളങ്ങളിലാണ് ഇസ്രയേല്‍ ഒരേസമയം ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ സര്‍വീസ് നിര്‍ത്തിവെച്ചതായി സിറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്രയേല്‍- ഹമാസ് യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സിറിയയ്ക്ക് നേരെയുള്ള ആക്രമണം. വിമാനങ്ങള്‍ നിലത്തിറക്കുന്നതിന് ഇത് തടസ്സമായതായും സര്‍വീസ് നിര്‍ത്തിവെച്ചതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആക്രമണത്തില്‍ രണ്ടു വിമാനത്താവളങ്ങളിലെയും ലാന്‍ഡിങ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ ഇവിടെ നിന്ന് വിമാന സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സിറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.