ലക്നൗ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ക്ലാസ്മുറിയിൽ വച്ച് സഹപാഠികളുടെ മർദനമേറ്റ മുസ്‌ലിം വിദ്യാർഥിയും മർദിച്ച സഹപാഠികളിലൊരാളും തമ്മിൽ ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചാൽ മാത്രമേ യഥാർഥ ഇന്ത്യ നിലനിൽക്കൂവെന്നും എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു.
ഈ അനുരഞ്ജനത്തിന് സഹായിച്ചവർ, കുട്ടിയെ മർദിക്കാൻ ക്ലാസിലെ മറ്റു കുട്ടികളോട് ആവശ്യപ്പെട്ട അധ്യാപികയെകൊണ്ട് മർദനമേറ്റ കുട്ടിയുടെ പിതാവിന് രാഖി കെട്ടിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അധ്യാപിക പശ്ചാത്തപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അഖിലേഷ് കൂട്ടിച്ചേർത്തു. ‘‘ഒരു സംസ്കാരം കെട്ടിപ്പടുക്കാനും നശിപ്പിക്കാനും അധ്യാപകനു കഴിയും. ഒരു യഥാർഥ അധ്യാപകൻ മറ്റുള്ളവരുടെ തെറ്റുകൾ മാത്രമല്ല, സ്വന്തം തെറ്റുകളും തിരുത്തുന്നു,’’ അദ്ദേഹം പറഞ്ഞു.
മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് സംഭവമുണ്ടായത്. മുസ്‌ലിം വിദ്യാർഥിയെ തല്ലാൻ ഹിന്ദു വിദ്യാർഥികളോട് അധ്യാപിക തൃപ്തി ത്യാഗി ആവശ്യപ്പെടുന്നതിന്റെ വിഡിയോ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. സംഭവം വിവാദമായതിനു പിന്നാലെ തൃപ്തി ത്യാഗിക്കെതിരെ മുസാഫർനഗർ പൊലീസ് ശനിയാഴ്ച കേസെടുത്തിരുന്നു.