ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സൈന്യത്തിന്റെ ഭാഗമാകുന്നതിനായി ഇസ്രയേലിലേക്ക് തിരിച്ചു വരുന്ന ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിനായി 250 ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്ത് അജ്ഞാതന്‍. ഇസ്രയേല്‍ സൈന്യത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന കരുതല്‍ സേനയാണ് ഐഡിഎഫ് (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്). 18 വയസ്സ് മുതല്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് സൈനിക സേവനത്തിന്റെ ഭാഗമാകാന്‍ കഴിയും.
പരിശീലനം ലഭിച്ച പുരുഷന്മാര്‍ രണ്ടര വര്‍ഷവും സ്ത്രീകള്‍ രണ്ട് വര്‍ഷവും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണം. പിന്നീട് ഇവര്‍ക്ക് മറ്റ് ജോലികളിലേക്ക് മാറാമെങ്കിലും ആവശ്യമുള്ള സമയങ്ങളില്‍ രാജ്യം ഇവരെ സേനയുടെ ഭാഗമാകാന്‍ തിരികെ വിളിക്കും. സംഘര്‍ഷം, യുദ്ധം മറ്റ് ദേശീയ അടിയന്തര സാഹചര്യങ്ങളിലാണ് ഡിഫന്‍സ് ഫോഴ്സിനെ തിരികെ വിളിക്കാറുള്ളത്. ഹമാസ് ആക്രമണം ശക്തമായ സാഹചര്യത്തില്‍ ലോകത്തിന്റെ പല ഭാഗത്തുള്ള ഐഡിഎഫ് ടീമിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരികെ വിളിച്ചിരുന്നു.
ഇങ്ങനെ ഇസ്രയേലിലേക്ക് മടങ്ങാന്‍ ലെറ്റര്‍ കിട്ടിയ ഇസ്രായേലി ഡിഫന്‍സ് ഫോഴ്സിനായി തിങ്കളാഴ്ച ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അജ്ഞാതന്‍ 250 ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തത്. ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ ആലിന്റെ ടിക്കറ്റ് കൗണ്ടറിനു സമീപം നിന്ന ഒരാള്‍ ഐഡിഎഫ് കോള്‍-അപ്പ് നോട്ടീസ് കാണിച്ചവര്‍ക്കായി ടിക്കറ്റ് നല്‍കുകയായിരുന്നു. ജെറുസലേം പോസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അവി മേയര്‍ ആണ് ഇക്കാര്യം എക്‌സില്‍ കുറിച്ചത്.
അതേസമയം ഡിഫന്‍സ് ഫോഴ്സിനായി റിസര്‍വ് ചെയ്യുന്നവര്‍ക്ക് പിന്തുണയുടെ പ്രവാഹമാണ് ലഭിക്കുന്നത്. റിസര്‍വിസ്റ്റുകളുടെ സൈനിക ഉപകരണങ്ങള്‍ ചരക്കില്‍ കയറ്റി അയക്കുന്നതിന് പണം നല്‍കിയതായി എല്‍ അല്‍ വക്താവ് ഒഫ്രി റിമോണി ദ പോസ്റ്റിനോട് പറഞ്ഞു. നിരവധി ആളുകള്‍ ജെഎഫ്കെയില്‍ തങ്ങളുടെ കൗണ്ടറുകളില്‍ വരികയും സൈനികര്‍ക്കായി ടിക്കറ്റ് വാങ്ങുകയും ചെയ്യുന്നുണ്ടെന്നും റിമോണി പറഞ്ഞു.