ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 73-ാം വയസ്സിലേക്ക് കടക്കുകയാണ്. ബിജെപിയുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റി നേതാവാണ് നരേന്ദ്ര മോദി. മോദിയാണ്, മോദി മാത്രമാണ് ഇപ്പോള്‍ ബിജെപി.
അതിനാല്‍ തന്നെ മോദിയുടെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ജന്മദിനമായ ഞായറാഴ്ച വിപുലമായ ആഘോഷ പരിപാടികളാണ് വിവിധ സംസ്ഥാന ഘടകങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടാഴ്ച നീളുന്ന ആഘോഷമാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഗുജറാത്തിലെ എല്ലാ ജില്ലരകളിലും യുവമോര്‍ച്ച രക്തദാന ക്യാമ്പുകള്‍ നടത്തും. നവസാരി ജില്ലയില്‍ 30,000 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള പദ്ധതി നടപ്പാക്കും.
മോദിയുടെ ജന്മദിനത്തില്‍ മുലപ്പാല്‍ ദാന ക്യാമ്പ് നടത്താനാണ് സൂറത്തിലെ ഒരു എന്‍.ജി.ഒ തീരുമാനിച്ചിരിക്കുന്നത്. 140 വനിതകള്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൃപുരയില്‍ നമോ വികാസ് ഉത്സവ് എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.
1950 സെപ്റ്റംബര്‍ 17 നാണ് മോദി ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന അദ്ദേഹം 1987ല്‍ ബിജെപി ജന.സെക്രട്ടറിയായി. 2001ല്‍ 13 വര്‍ഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി. 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
നരേന്ദ്ര മോദിയുടെ കാലം ബിജെപി എന്ന സംഘപരിവാര്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന് രാജ്യത്ത് നല്‍കിയത് പുതിയ മുഖവും പുതിയ ദിശയുമാണെന്നതില്‍ സംശയമില്ല. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും വ്യക്തിപ്രഭാവം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ കഴിയുന്ന നേതാവായി മോദി മാറി. വാജ് പേയിയുടെ നേതൃത്വത്തില്‍ ആദ്യം അധികാരത്തില്‍ വന്ന ബിജെപിയുടെ ശൈലിയല്ല മോദിയുടെ ബിജെപിക്ക്.
ആര്‍.എസ്.എസ് രൂപീകരണത്തിന്റെ നൂറാംവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. നൂറാം വര്‍ഷത്തില്‍ ആര്‍.എസ്.എസ് എന്തൊക്കെ ലക്ഷ്യമിട്ടോ അതൊക്കെ നടപ്പാക്കുകയാണ് നരേന്ദ്ര മോദി. അടുത്ത വര്‍ഷം ആദ്യം അയോദ്ധ്യയില്‍ രാമക്ഷേത്രം തുറക്കും. ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെയുള്ള നിയമങ്ങള്‍ വരാന്‍ പോകുന്നു. എതിര്‍പ്പുകളെ അടിച്ചൊതുക്കി, എതിരാളികളെ ഏത് വിധേനയും നേരിട്ട് തന്നെയാണ് മോദി മുന്നോട്ടുപോകുന്നത്.
Narendra Modi’s 73rd birthday today breast milk donation camp in Gujarat