വിദേശത്തെ മെഡിക്കല്‍ പഠനം: നിലവാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍, ഇനിയും നിയമം കര്‍ശനമാക്കും

ന്യൂഡല്‍ഹി: അമേരിക്ക, കാനഡ, ബ്രിട്ടന്‍, ന്യൂസീലന്‍ഡ് , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അല്ലാതെ മെഡിക്കല്‍ പഠനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍. മിക്ക രാജ്യങ്ങളിലെയും പഠനത്തിന് നിലവാരമില്ലെന്നും ഈ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ 10 ശതമാനം മാത്രമേ ജയിക്കുന്നുള്ളു എന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. അതുകൊണ്ടു തന്നെ നിയമം കൂടുതല്‍ കര്‍ശനമാക്കും.

ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷം 12 ലക്ഷം രൂപയാണ് എംബിബിഎസ് പഠനത്തിനുള്ള ചെലവ്. എന്നാല്‍ 30 ലക്ഷം മുടക്കിയാല്‍ മുഴുവന്‍ പഠനവും പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനമാണ് ഏജന്‍സികള്‍ നല്‍കുന്നത്. റഷ്യ, ചൈന, യുക്രെയ്ന്‍ പോലുള്ള രാജ്യങ്ങളില്‍ ഇവിടെ നിന്നുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മെഡിസിന് പഠിക്കുന്നുണ്ട്.

വിദേശത്ത് പഠിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ കൂടുതല്‍ കടുപ്പമാക്കാനാണ് പുതിയ തീരുമാനം, തിയറിയും പ്രാക്ടിക്കലുമുള്‍പ്പെടെ രണ്ടുഭാഗമായി ആയിരിക്കും ഇനി മുതല്‍ പരീക്ഷ.