ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രതിയുടേയും കുടുംബത്തിന്റേയും അറസ്റ്റ് ഉടന്‍ ഉറപ്പാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്‍ണ്ണായകമാണെന്ന് പറഞ്ഞ വനിതാ കമ്മീഷന്‍ അഞ്ച് ദിവസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
അതേസമയം കേസില്‍ റുവൈസിന്റെ പിതാവിനേയും പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ നീക്കം. വിവാഹത്തില്‍ നിന്ന് പിന്മാറിയത് പിതാവിന്റെ എതിര്‍പ്പുമൂലമെന്നാണ് റുവൈസ് യുവതിയുടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. ഷഹനയുടെ മാതാവും സഹോദരനും ഇക്കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും റുവൈസിന്റെ കുടുംബങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇവരെ പ്രതി ചേര്‍ത്ത് വിശദമായി ചോദ്യംചെയ്യാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ നീക്കം.