മഞ്ചേശ്വരം: കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ്. സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016-ന് മുന്‍പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നു മുഖ്യമന്ത്രി ചോദിച്ചു. ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതിയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഏറെ കുറേ പൂർത്തിയായ ഭാഗത്ത് ഇറങ്ങി അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് സദസിലേക്ക് എത്താൻ വൈകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“കേരളത്തിലെ ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016-ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ ഈ മാറ്റം ഉണ്ടാകുമായിരുന്നോ,” മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ആരാഞ്ഞു.
നവകേരള സദസ്സിനായി മന്ത്രിമാർ യാത്രചെയ്യുന്ന ബസിലെ ആർഭാടം മാധ്യമങ്ങൾക്ക് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിന്‍റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു.