
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരുന്ന നവകേരള സദസ്സ് പരിപാടി മാറ്റിവെച്ചു. കാനം രാജേന്ദ്രന്റെ സംസ്‌കാരത്തിന് ശേഷം മാത്രമേ ഇനി പരിപാടി ഉണ്ടാവുകയുളളു. കാനം രാജന്ദ്രന്റെ സംസ്‌കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ് തുടങ്ങുക.
രാവിലെ പതിനൊന്ന് മണിക്ക് കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. മന്ത്രിമാരായ പി പ്രസാദ്, ജി ആര്‍ അനില്‍, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാരം കഴിയുന്നത് വരെ നവകേരള സദസ്സില്‍ പങ്കെടുക്കില്ല. സംസ്‌കാരം വരെ മന്ത്രിമാര്‍ മൃതദേഹത്തിനൊപ്പം ഉണ്ടാകും.
ഞായറാഴ്ച രാവിലെയാണ് നവകേരള സദസിന്റെ ആദ്യ പരിപാടി പ്ലാന്‍ ചെയ്തിരുന്നത്. ഈ പരിപാടി സംസ്‌കാരത്തിന് ശേഷം പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടര്‍ന്ന് 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും വിവിധ വേദികളില്‍ നവകേരള സദസ് നടക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് യോഗം ചേര്‍ന്നത്. ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.
ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടില്‍ സംസ്‌കാരം.