
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ മണ്ഡലപര്യടനമായ നവകേരള സദസ്സിന് നാളെ(നവംബർ 18) തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് ആരംഭിക്കുന്നത്.
സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന ബഹുജന സദസ്സും അടങ്ങുന്ന പരിപാടിയാണ് നവകേരള സദസ്സ്.
നവകേരള സദസ്സില്‍ പ്രഭാത സംവാദത്തിനുശേഷം ദിവസവും നാലു പൊതുയോഗങ്ങളുണ്ടാകും. ഒരു ദിവസം പരമാവധി നാലുമണ്ഡലങ്ങളിലാണ് സദസ്സ്. പൊതുയോഗങ്ങള്‍ക്ക് മുമ്പ് കലാപരിപാടികളുണ്ടാകും. ഒരുമാസത്തിലേറെ മന്ത്രിമാരെല്ലാം സെക്രട്ടറിയേറ്റില്‍നിന്ന് വിട്ടുനില്‍ക്കും. സദസ് നടക്കുന്ന ജില്ലകളിലായി അഞ്ചുമന്ത്രിസഭായോഗങ്ങള്‍ ഇതിനിടെ നടക്കും.
മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒറ്റ ബസിൽ ഓരോ നിയോജക മണ്ഡലത്തിലും എത്തുംവിധമാണ് ആസൂത്രണം. രാവിലെ ജില്ലാ കേന്ദ്രത്തിൽ അന്നത്തെ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു പ്രഭാതയോഗം. 15 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിക്കും. പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ 45 മിനിറ്റ്. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോടു പ്രതികരിക്കും.
നവകേരളസദസ്സിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. പരിപാടികൾ ആരംഭിക്കുന്നതിനു മുമ്പും പരിപാടികൾ കഴിഞ്ഞതിനു ശേഷവുമായിരിക്കും കൗണ്ടറുകൾ പ്രവർത്തിക്കുക. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ സ്ഥാപിക്കും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ചുതുടങ്ങും. മുഴുവൻ പരാതികളും സ്വീകരിച്ചതിനു ശേഷം മാത്രമേ കൗണ്ടറുകൾ അടക്കൂ. നവകേരള സദസ്സ് നടക്കുമ്പോൾ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും.
ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരാതി തീർപ്പാക്കി വിശദമായ മറുപടി നൽകി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും. ഇത്തരം സാഹചര്യങ്ങളിൽ പരാതി കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ 45 ദിവസത്തിനുള്ളിൽ പരിഹരിക്കും. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും.
പരിപാടിക്കു പങ്കാളിത്തവും സഹകരണവും തേടിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് സംഘാടകർ ഓരോ വീട്ടിലും എത്തിക്കും. കൂടാതെ ‘വീട്ടുമുറ്റ സദസ്സുകളും’ നടത്തുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഈ കൂട്ടായ്മകളിൽ പരിഹാരം കണ്ടെത്താമെന്നാണു വാഗ്ദാനം. ഇതിൽ സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നവർക്കു പ്രത്യേക പരിശീലനം നൽകുന്നുണ്ട്.